പാലക്കാട്: ദിവസും ഒരു ചായയെങ്കിലും കുടിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കുടിക്കുന്ന ചായ ശുദ്ധമാണെന്ന് ഉറപ്പുണ്ടോ? രാസവസ്തുക്കളടങ്ങിയ നിറം ചേര്‍ത്ത തേയിലപ്പൊടി വ്യാപകമായി വിപണിയിലെത്തുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

തിളപ്പിച്ച വെള്ളത്തില്‍ മാത്രം നിറം കലരുന്ന ഒന്നാണ് തേയിലപ്പൊടി. എന്നാല്‍ തണുത്ത പച്ചവെള്ളത്തില്‍പോലും നിറം കലര്‍ന്നാലോ, ആ തേയിലപ്പൊടി മായം ചേര്‍ന്നതെന്ന് ഉറപ്പിക്കാം.

പല സ്ഥലങ്ങളിലെ കടകളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം വാങ്ങിയ തേയിലപ്പൊടി പ്രാഥമിക പരിശോധനയില്‍ തന്നെ മായം ചേര്‍ന്നതെന്ന് വ്യക്തമായി. ഇവ പിന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയും ചെയ്‌തു. 2006 ലെ ഭക്ഷ്യസുരക്ഷാ റെഗുലേഷന്‍സ് ആക്ട് പ്രകാരം നിരോധിക്കപ്പെട്ട ടാര്‍ട്രാസൈന്‍, പന്‍സീവ്, കാര്‍മോസൈന്‍, സണ്‍സെറ്റ് യെല്ലോ എന്നിങ്ങനെയുള്ള ഡൈകള്‍ ചേര്‍ന്നതാണ് സാമ്പിളുകള്‍ എന്ന് പരിശോധനാഫലം. ഇരുമ്പിന്റെ അംശവും കാണാം. കോള്‍ ടാര്‍ അടങ്ങിയിട്ടുള്ള ഈ രാസപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി ശരീരത്തിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുക.

ചായക്കടകളില്‍ ഉപയോഗിച്ച് പുറംതള്ളുന്ന തേയില ശേഖരിച്ച് നിറം ചേര്‍ത്ത് വീണ്ടും വിപണിയിലെത്തിക്കുന്നു. തട്ടുകടകളും ചായക്കടകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്തരം തേയിലപ്പൊടിയുടെ വില്‍പ്പന. വ്യാജ തേയിലയുടെ നിര്‍മ്മാണവും വിപണനവും തടയുന്നതിന് അധികൃതരുടെ കൃത്യമായ ഇടപെടലുണ്ടാകുക എന്നതാണ് പ്രധാനം.

റിപ്പോര്‍ട്ട് - കൃഷ്‌ണപ്രിയ

ക്യാമറ- എംഎ ജിജോ