തിരുവനന്തപുരം ബാലരാമപുരം പഞ്ചായത്ത് ഓഫിസിന് തീയിടാന്‍ ശ്രമം. ഐത്തിയൂര്‍ സ്വദേശി കരാറുകാരന്‍ കൂടിയായ ഷൈന്‍ സിങ്ങ് പിടിയിലായി. കരാര്‍ പ്രകാരം ചെയ്ത ജോലിയുടെ തുക നല്‍കാത്തതിലുള്ള പ്രതിഷേധമാണ് ഈ രീതിയില്‍ പ്രതികരിക്കാന്‍ കാരണമെന്നാണ് വിശദീകരണം

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. പെട്രോള്‍ നിറച്ച കുപ്പിയുമായെത്തിയ ഷൈന്‍ സിങ് പഞ്ചായത്തിലെ എന്‍ജിനിയറിങ് വിഭാഗത്തിലെത്തി ഫയലുകള്‍ക്ക് തീയിടുകയായിരുന്നു. ആയിരത്തിലേറെ ഫയലുകള്‍ കത്തിനശിച്ചു. ഇതിനിടെ ഇയാള്‍ക്കും പൊളളലേറ്റു. ജീവനക്കാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. കരാര്‍ പ്രകാരം ചെയ്ത ജോലിയുടെ തുക നല്‍കാതെ ആറുമാസമായി കഷ്‌ടപ്പെടുത്തിയെന്നാണ് ഷൈനിന്റെ പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഷൈനില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. പൊതു മുതല്‍ നശിപ്പിച്ചതിനടക്കം കേസടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.