2017 അവസാനത്തോടെ ഹറമൈന്‍ റെയിലിന്റെ പണി പൂര്‍ത്തിയാകുമെന്നും 2018 മാര്‍ച്ചില്‍ ട്രെയിന്‍ ഓടിതുടങ്ങുമെന്നും കരാര്‍ കമ്പനിയെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം തന്നെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

2011 ലാണ് 710 കോടി ഡോളര്‍ ചെലവില്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. പന്ത്രണ്ടു സ്പാനിഷ് കമ്പനികളും രണ്ട് സൗദി കമ്പനികളും അടങ്ങിയ അല്‍ ഷോല കണ്‍സോര്‍ഷ്യമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാനൂറ്റി അമ്പതോളം കിലോമീറ്റര്‍ ദൂരം വരുന്ന റെയിലിന്റെ നിര്‍മാണവും മുപ്പത്തിയഞ്ച് ട്രെയിനുകളുടെ പന്ത്രണ്ട് വര്‍ഷത്തെ ഓപറേഷനുമാണ് കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. 

അറേബ്യന്‍ മരുഭൂമിയിലെ നിര്‍മാണവും ഓപ്പറേഷനും ദുഷ്കരമാണെന്ന് കരാര്‍ കമ്പനി പറഞ്ഞു. പൊടിക്കാറ്റും മണല്‍ കുന്നുകളും പലപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ കരാര്‍ തുക വര്‍ധിപ്പിക്കണം എന്ന് കരാര്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. പതിനാറ് കോഡി ഡോളര്‍ കൂടി അധികം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് പദ്ധതി സംബന്ധമായ പുതിയ ഷെഡ്യൂള്‍ തയ്യാറായത്. 

മക്കയ്ക്കും മദീനക്കുമിടയില്‍ ജിദ്ദയിലെ സുലൈമാനിയ, ജിദ്ദ വിമാനത്താവളം, റാബിഗ് എന്നിവിടങ്ങളിലാണ് സ്റ്റെഷനുകള്‍ ഉള്ളത്. ഇതില്‍ മക്ക-ജിദ്ദ-റാബിഗ് റെയില്‍ പാളത്തിന്‍റെ പണിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. റാബിഗ് മുതല്‍ മദീന വരെ പണി പൂര്‍ത്തിയായി. ഈ റൂട്ടില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ ഉള്‍പ്പെടുത്തി ട്രെയിന്‍ പരീക്ഷണ ഓട്ടവും ഏതാനും ദിവസം മുമ്പ് നടത്തിയിരുന്നു. മണിക്കൂറില്‍ ഇരുപതിനായിരം പേര്‍ക്ക് യാത്ര ചെയ്യാനാകും. 

ജിദ്ദാ-മക്കാ പാതയില്‍ മാത്രം മണിക്കൂറില്‍ ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തും. മക്കക്കും മദീനക്കും ഇടയില്‍ മണിക്കൂറില്‍ രണ്ടും, മക്കയ്ക്കും റാബിഗിനും ഇടയില്‍ നാലും ട്രെയിനുകള്‍ സര്‍വീസ് നടത്തും.