(എത്ര ഉപദേഷ്ടാക്കള്‍ തനിക്കുണ്ടെന്ന് മുഖ്യമന്ത്രിക്കുപോലും വ്യക്തമല്ലാത്ത സ്ഥിതി. ആറ് ഉപദേശകരുണ്ടെന്ന് ഒരു ചോദ്യത്തിനുത്തരം നല്‍കിയ മുഖ്യമന്ത്രി എട്ട് ഉപദേഷ്ടാക്കളുണ്ടെന്ന് മറ്റൊരു മറുപടിയില്‍ പറയുന്നു. 

ഏപ്രില്‍ 25 ന് ലീഗ് അംഗങ്ങളായ ടിവി ഇബ്രാഹിമിനും പാറയ്ക്കല്‍ അബ്ദുല്ലയ്ക്കും രേഖാമൂലം നല്‍കിയ മറുപടിയില്‍ ആറ് ഉപദേശകരുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.അതേസമയം കോണ്‍ഗ്രസ് അംഗം എം. വിന്‍സെന്റിന് നല്‍കിയ മറുപടിയില്‍ ഉപദേശകരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

വികസന ഉപദേഷ്ടാവിന് 92922 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് ഒരു മറുപടിയില്‍ പറയുമ്പോള്‍ മറ്റൊന്നില്‍ വികസന ഉപദേഷ്ടാവില്ലെന്ന മറുപടിയും നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. 

ഇക്കൂട്ടത്തില്‍പെട്ടതാണ് ഈ ചോദ്യങ്ങളും. രേഖാമൂലമുളള മറുപടി ഇന്നാണ് സഭയുടെ മേശപ്പുറത്ത് വച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട 65 ചോദ്യങ്ങള്‍ക്കുകൂടി ഇനിയും മറുപടി കിട്ടാനുണ്ട്. ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് തുടങ്ങി വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പരിശോധിച്ച് മറുപടി നല്‍കാമെന്ന ഉത്തരമാണ് നല്‍കിയിട്ടുളളത്.