ദില്ലി: വിവാദ മെഡിക്കല്‍ കമ്മീഷന്‍ ബില്ലുമായി മുന്നോട്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ബില്ല് മെഡിക്കല്‍ രംഗത്ത് ഗുണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. ലോക്‌സഭയില്‍ ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് കേന്ദ്ര നീക്കം.

ആയുര്‍വേദം സിദ്ധ ഹോമിയോ  എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പത്തി ചികിത്സയ്‌ക്കും അനുമതി നല്‍കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ഇന്ന് ലോക്ഭയില്‍ വിശദമായ ചര്‍ച്ച. ബില്ല് സ്റ്റാന്‍ഡ‍ിംഗ് കമ്മിറ്റിയ്‌ക്ക് വിടണമെന്നാണ് പ്രതിപക്ഷ അഭിപ്രായം. എംബിബിഎസ് കഴിഞ്ഞവര്‍ക്ക് പ്രാക്ടീസ് തുടങ്ങാന്‍ നെക്‌സ്റ്റ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥയേയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. ഐഎംഎയുടെ സമരം ചൂണ്ടിക്കാട്ടി വിഷയത്തില്‍ കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് സമാജ്‍വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

അതേസമയം, ഐഎംഎയുടെ സമരം ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിച്ചില്ല. സേവനം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി എയിംസ്, സഫ്ദര്‍ ജങ്, ആര്‍എംഎല്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.  സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ആശുപത്രിയിലെത്തിയതും രോഗികള്‍ക്ക് ആശ്വാസമായി.