മണിയന്ത്രം പനവേലില്‍ അനിധരന്റേയും ലേഖയുടേയും മൂത്ത മകളായ നന്ദന മൂവാറ്റുപുഴ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പരീക്ഷക്ക് മുമ്പായി കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളിലെ അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചിരുന്നു. ഇതിനിടെ നന്ദനയുടെ ബാഗില്‍നിന്ന് ഒരു കുറിപ്പ് കണ്ടെത്തി. തുടര്‍ന്ന് പ്രധാനാധ്യാപിക സുനിത, നന്ദനയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന് അച്ഛന്‍ അനിധരന്‍ പറയുന്നു. സ്കൂളിലുണ്ടായിരുന്ന ചില രക്ഷിതാക്കളുടെയും മറ്റ് അധ്യാപകരുടെയും മുന്നില്‍വെച്ച് കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പ്രിന്‍സിപ്പല്‍ സംസാരിച്ചു. ഇതിനൊടുവില്‍ ഇങ്ങനെയൊക്കെ എഴുതുന്ന കൂട്ടത്തിലാണെങ്കില്‍ ഒരു അഭിസാരികയെപ്പോലെ ജീവിക്കുന്നതിലും ഭേദം പോയി മരിക്കുന്നതാണെന്നും പ്രിന്‍സിപ്പല്‍ ഉപദേശിച്ചുവത്രെ. ഇതിനും ശേഷം നന്ദനയുടെ അമ്മയുടെ ഫോണില്‍ വിളിച്ച ശേഷം നന്ദനയുടെ പേരില്‍ ഒരു സാധനം ഇവിടെ ഉണ്ടെന്നും രക്ഷിതാക്കള്‍ ആരെങ്കിലും തിങ്കളാഴ്ച സ്കൂളിലെത്തി അത് ഒപ്പിട്ട് വാങ്ങണണെന്നും പറഞ്ഞു. എന്താണ് കാര്യമെന്നോ മറ്റ് വിവരങ്ങളോ പ്രിന്‍സിപ്പല്‍ അമ്മയോട് പറഞ്ഞില്ല.

ഇതിന്റെ മനോവിഷമത്തിലാണ് സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ ഉടനെ നന്ദന മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അച്ഛന്‍ പറയുന്നു. അബദ്ധത്തില്‍ തീകത്തിയതാണെന്ന് കരുതിയെങ്കിലും സ്കൂള്‍ യൂണിഫോമിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ വെച്ച് കുട്ടിയോട് ചോദിച്ചപ്പോഴാണ് അച്ഛനോട് ഞാനെല്ലാം പറയാമെന്ന് പറഞ്ഞ്, നന്ദന നടന്ന സംഭവങ്ങളെല്ലാം വിവരിച്ചത്. കുട്ടിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിന്ന് മാറ്റിനിര്‍ത്തി ശാസിക്കുകയോ അതുമല്ലെങ്കില്‍ രണ്ട് അടികൊടുക്കുകയോ ചെയ്തിരുന്നെങ്കില്‍ തനിക്ക് മകളെ നഷ്ടമാകില്ലായിരുന്നെന്ന് കണ്ണീരോടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന നന്ദന മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. രാത്രി ആരോഗ്യനില വഷളായി. പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിച്ചു.

എന്നാല്‍ കഥയും കവിതയുമൊക്കെ എഴുതാറുണ്ടായിരുന്ന നന്ദന, അങ്ങനെ പാതി പൂര്‍ത്തിയാക്കിയ കുറിപ്പ് ആവാം ചിലപ്പോള്‍ അധ്യാപകര്‍ കണ്ടെടുത്തതെന്ന് അയല്‍വാസിയായ ജിന്റോ പറയുന്നു. ഇനി എന്തു തന്നെയായിരുന്നാലും കുട്ടിയുടെ ബാഗില്‍ നിന്ന് ഒരു കുറിപ്പ് കിട്ടിയതിന് ഇപ്രകാരമാണോ അധ്യാപകര്‍ പെരുമാറേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപികക്കെതിരെ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം അധ്യാപികയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് നന്ദനയുടെ അച്ഛന്‍ ആരോപിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ സ്കൂളിലെത്തി അധ്യാപകരുടെ മൊഴിയെടുത്തിരുന്നു. കുട്ടിയെ ശാസിച്ചിട്ടില്ലെന്നും കത്തിനെക്കുറിച്ച് ചോദിച്ചത് മാത്രമേയുള്ളൂവെന്നുമാണ് അധ്യാപകര്‍ പറയുന്നത്. അദ്ധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍‍ഡ് ചെയ്തിട്ടുണ്ട്.