തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളാണ് ഒറ്റയടിക്ക് ഇല്ലാതായത്. അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ഇക്കഴിഞ്ഞ പതിനഞ്ചിനാണ് പുറത്തിറങ്ങിയത്. തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളുമാണ് ക്ഷേമനിധി ബോര്‍ഡിലെ അനൗദ്യോഗിക അംഗങ്ങള്‍. ഇവരെ ഒഴിവാക്കിയതോടെ സാങ്കേതികമായി ക്ഷേമനിധി ബോര്‍ഡുകളും ഇല്ലാതായി. എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് വാദം. നിയമസഭാ ചട്ടമനുസരിച്ചാണ് ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. 

ഒന്നുകില്‍ കാലാവധി തീരുകയോ അല്ലെങ്കില്‍ ചെയര്‍മാന്‍ സ്വമേധയാ രാജിവയ്‌ക്കുകയോ വേണം. 
മാത്രമല്ല ഓരോ ക്ഷേമനിധി ബോര്‍ഡിനും പ്രത്യേകം നിയമാവലി ഉള്ളതിനാല്‍ ഒന്നിച്ച് ഒരു ഉത്തരവ് വഴി പിരിച്ച് വിടാന്‍ സര്‍ക്കാറിന് അവകാശവുമില്ല. നിലവിലില്ലാത്ത സോഷ്യല്‍ സെക്യുരിറ്റി ബോര്‍ഡ് വരെ പിരിച്ച് വിടല്‍ ഉത്തരവില്‍ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യവും ഏറെയാണ്.