ശബരിമല: തിരുവാഭരണ ഘോഷയാത്രയെ വലിയ നടപ്പന്തലില്‍ തടസ്സപ്പടുത്തിയ സംഭവം വിവാദമാകുന്നു. സംഭവത്തെ കുറിച്ച് വിവിധ ഏജൻസികള്‍ അന്വേഷണം തുടങ്ങി. പൊലീസ് ക്രമികരണങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ശരംകുത്തിയിലെ സ്വികരണത്തിന് ശേഷം സന്നിധാനത്തേക്കുള്ള യാത്രക്കിടയില്‍ വലിയനടപ്പന്തലിലാണ് തിരുവാഭരണഘോഷയാത്രക്ക് തടസ്സമുണ്ടായത്. ഏകദേശം പതിനഞ്ച് മിനിറ്റ് സമയം യാത്ര നിർത്തിവക്കേണ്ടി വന്നിരുന്നു. വലിയ നടപന്തലില്‍ നിന്നും തിരുമുറ്റത്തേക്ക് കയറുന്ന ഭാഗത്ത് കെട്ടിയിരുന്ന വടം അഴിച്ച് മാറ്റത്തതിനെ തുടർന്ന് തിരുവാഭരണഘോഷയാത്രക്കൊപ്പം വന്ന തീർത്ഥാടകരും ഘോഷയാത്രയും കുരുക്കില്‍പ്പെട്ടു.
ഇതിനെതുടർന്ന് സന്നിധാനം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ എത്തി വടം അഴിച്ച് മാറ്റിയതിന് ശേഷമാണ് ഘോഷയാത്ര പുനരാരംഭിച്ചത്. ഇതിനിടയില്‍ തീർത്ഥാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തിരുവാഭരണ ഘോഷയാത്രക്ക് തടസ്സം സൃഷ്ടിച്ച നടപടി ശരിയായില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു.
സംഭവത്തെ കുറിച്ച് ദേവസ്വം വിജിലൻസാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാന ഇന്‍റലിജൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിടുണ്ട്. സംഭവത്തെ തുടർന്ന് തിരുവാഭരണ പേടക സംഘവുമായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് ചർച്ച നടത്തിയ തിന് ശേഷമാണ് അന്വേഷണത്തിന് നടപടി തുടങ്ങിയത് . തിരുവാഭരണത്തെ സഹായിക്കുന്ന സംഘത്തില്‍ നിന്നും അയ്യപ്പസേവാസംഘത്തെ ഒഴിവാക്കിയെന്നും ആരോപണം ഉണ്ട്.
