മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശൃംഗേരി മഠാധിപതിക്കായി ഒരുക്കിയിരുന്ന സിംഹാസനം പിന്നിലേക്ക് മാറ്റിയിട്ട സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാര്‍ സിംഹാസനത്തിലിരുന്ന സ്വാമിയെ വണങ്ങിയത്. ഇതിന്റെ വൈരുദ്ധ്യമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായത്.

ഒരു മന്ത്രി ശൃംഗേരി മഠാധിപതിയുടെ സിംഹാസനം എടുത്തുമാറ്റുക, അതേ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ അതേ സ്വാമിയുടെ സിംഹാസനത്തിനു മുന്നില്‍ അനുഗ്രഹം തേടി നില്‍ക്കുക. ഈ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സ്വാമിയെ കാത്ത് രണ്ടു മന്ത്രിമാരും നേരത്തേതന്നെ ഇവിടെ കാത്തുനിന്നിരുന്നു. ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിന് മുന്നേ മന്ത്രിമാര്‍ക്കാണ് സ്വാമി ആദ്യം ദര്‍ശനം നല്‍കിയത്. 

സ്വാമിയില്‍ നിന്ന് പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്. രണ്ടു മന്ത്രിമാരെയും സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്.

മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. മന്ത്രിമാര്‍ക്ക് പസാദമായി സ്വാമി ആപ്പിള്‍ നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കാനെന്നു പറഞ്ഞ് ഒരു ആപ്പിള്‍ മന്ത്രി തോമസ് ഐസക്കിന് സ്വാമി അധികമായി നല്‍കി. ശൃംഗേരി മഠാധിപതിയെ വൈകീട്ട് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.

പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് ഒരുക്കിയ സിംഹാസനമാണ് എടുത്തുമാറ്റി പകരം കസേരയിട്ടത്. മന്ത്രിമാരും തന്ത്രിമാരും പങ്കെടുക്കേണ്ട ചടങ്ങില്‍ സംഘാടകര്‍ വേദിയില്‍ സ്വാമിക്കായി 'സിംഹാസനം' ഒരുക്കിയിട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.