പൊന്തൻപുഴ വനം സംരക്ഷിക്കുക ,അർഹരായവര്‍ക്ക് മുഴുവൻ പട്ടയം അനുവദിക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് നാട്ടുകാർ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു
പത്തനംതിട്ട: പൊന്തൻപുഴ വനം സംരക്ഷിക്കുക ,അർഹരായവര്ക്ക് മുഴുവൻ പട്ടയം അനുവദിക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് നാട്ടുകാർ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ ചുവപ്പ് നാട സമരം സംഘടിപ്പിച്ചു. പൊന്തൻപുഴ വനത്തിന് ചുറ്റും താമസിക്കുന്ന പട്ടയം ലഭിക്കാത്ത 1200 കുടുംബങ്ങളാണ് സമരം നടത്തുന്നത്.നാല് തലമുറയായി ഇവിടെ താമസിച്ചു വരുന്നവരാണിവർ.
അതിനിടെ പൊന്തൻപുഴ വനഭൂമിയിൽ ഉടമസ്ഥാവകാശം ഉയർത്തി ഹൈക്കോടതിയെ സമീപിച്ച 283 പേർക്ക് അനുകൂല ഉത്തരവ് കോടതിയിൽ നിന്ന് കിട്ടുകയും ചെയ്തു. ഇതേ തുടർന്നാണ് രണ്ട് വില്ലേജുകളിലെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് കടന്നത്. പൊന്തൻപുഴയെ വനഭൂമിയായി നിലനിർത്തണമെന്നും കൈവശകാർക്ക് പട്ടയം അനുവദിക്കാൻ നടപടി വേണമെന്നും സമരസമിതി വ്യക്തമാക്കുന്നു.
പ്രതിഷേധ സൂചകമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പട്ടി വില്ലേജ് ഓഫീസിൽ കറിവേപ്പില തൈനട്ടു. കേസിൽ തിരിച്ചടി നേരിട്ടതിനെ തുടർന്ന് സർക്കാർ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്.എന്നാൽ നേരത്തെ ഹാജരായ അഭിഭാഷകൻ എം.പി പ്രകാശിനെ തന്നെയാണ് വീണ്ടും കേസ് ഏൽപ്പിച്ചിരിക്കുന്നത്. ഇതും സമരസമിതിയുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്.7000 ഏക്കർ വരുന്നതാണ് പൊന്തൻപുഴ വലിയകാവ് വനഭൂമി.
