കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ സിഎച്ച് കണാരന്‍ മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം.  

കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ കാര്യവാഹക് എൻ.പി. രൂപേഷ്, നാദാപുരം സ്വദേശിയും ആര്‍എസ്എസ് പ്രവർത്തകനുമായ ഷിജിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ തിരിച്ചറിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യ്‍തിരുന്നു. 12 മണിയോടെ രൂപേഷിനെയും ഷിജിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

2017 ജൂണ്‍ അഞ്ചിന് വടകരയിലുള്ള ആര്‍എസ്‍എസ് കാര്യാലയത്തിന് നേരെ സിപിഎം ആക്രമണമുണ്ടായി. ഇതിനുള്ള പ്രതികാരമായിട്ടാണ് കോഴിക്കോട് സിപിഎം ഓഫീസിന് നേരെ ബോംബെറിഞ്ഞതെന്ന് പ്രതികള്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് ജിപിഎം ജില്ലാ കമ്മറ്റി ഓഫീസായ സിഎച്ച് കണാരന്‍ മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം. 

തിരുവനന്തപുരത്ത് ബിജെപി ജില്ലാ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്ന സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജയനാഥിനെ അന്വേഷണമാരംഭിച്ച് ദിവസങ്ങള്‍ക്കകം സ്ഥലം മാറ്റിയതോടെ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമുയര്‍ന്നിരുന്നു. ലോക്കല്‍ പോലീസിന്‍റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.