ആ‍ർഎസ്‍എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് എൻ.പി രൂപേഷ്, ആർഎസ്എസ് പ്രവർത്തകനും നാദാപുരം സ്വദേശിയുമായ ഷിജിൻ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ഇന്ന് അറസ്റ്റ് ചെയ്തത്. വടകരയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന സിപിഎം ആക്രമണത്തിന് നൽകിയ തിരിച്ചടിയാണ് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ നടത്തിയ ബോംബേറെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പ്രതികളെ സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ തിരിച്ചറി‍ഞ്ഞു.

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും.

ആ‍ർഎസ്‍എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് എൻ.പി രൂപേഷ്, ആർഎസ്എസ് പ്രവർത്തകനും നാദാപുരം സ്വദേശിയുമായ ഷിജിൻ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ഇന്ന് അറസ്റ്റ് ചെയ്തത്. വടകരയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന സിപിഎം ആക്രമണത്തിന് നൽകിയ തിരിച്ചടിയാണ് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ നടത്തിയ ബോംബേറെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പ്രതികളെ സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ തിരിച്ചറി‍ഞ്ഞു.

എന്നാൽ ആർഎസ്എസ് പ്രവർത്തകർക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും സിപിഎം തിരക്കഥ അനുസരിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു. 2017 ജൂണ്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പുലർച്ചെ ഒരു മണിയോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ മന്ദിരത്തിന് നേരെ ബോംബേറ് ഉണ്ടായത്. രണ്ട് സ്റ്റീൽ ബോംബുകളിൽ ഒന്ന് സംഭവ സ്ഥലത്ത് തന്നെ പൊട്ടി. മറ്റൊന്ന് പാർട്ടി ഓഫീസ് വളപ്പിൽ നിന്ന് കണ്ടെത്തി.

ഓഫീസ് ആക്രമണത്തിന് പുറമേ തന്‍റെ നേരെ വധ ശ്രമം നടന്നു എന്ന പരാതിയും ജില്ല സെക്രട്ടറി പൊലീസിന് നൽകിയിരുന്നു. പി മോഹനൻ കാറിൽ വന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുന്നതിനിടെയാണ് സ്ഫോടനം നടന്നത്. നേരത്തെ നടക്കാവ് പൊലീസ് കേസന്വേഷിച്ചെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.