2014 ജൂണിനു ശേഷം നിരക്ക് പുതുക്കുന്നത് ആദ്യം നിലവിലുള്ള നിരക്കിൽ നിന്നും 30 ശതമാനം വർധന
കൊച്ചി: എറണാകുളം ജില്ലയിൽ പാചക വാതക വിതരണത്തിനുള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. 2014 ജൂണിനു ശേഷം ഇതാദ്യമായാണ് പാചക വാതക വിതരണ നിരക്ക് പുതുക്കുന്നത്. നിലവിലുള്ള നിരക്കിൽ നിന്നും 30 ശതമാനം വർധനയാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് പ്രകാരം ഏജൻസിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വിതരണം സൗജന്യമായിരിക്കും.
ഇതിനു മുകളിൽ 10 കിലോമീറ്റർ വരെ 26 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 33 രൂപയും 15 കിലോമീറ്ററിന് മുകളിൽ 39 രൂപയും വിതരണ കൂലി നൽകണം. മുൻപ് 10 കിലോമീറ്റർ വരെ 20 രൂപയും 15 കിലോമീറ്റർ വരെ 25 രൂപയും അതിനു മുകളിൽ 30 രൂപയുമായിരുന്നു കൂലി. പുതുക്കിയ കൂലി ഗ്യാസ് ഏജൻസികളിൽ നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണം. വീഴ്ച്ചവരുത്തുന്ന അജൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഡീസലിനും പെട്രോളിനും ഉണ്ടായ വിലവർധന, തൊഴിലാളികളുടെ ശമ്പളത്തിലും ആനുകൂല്യത്തിലും ഉണ്ടായ വർദ്ധന, വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ ചിലവ്, മറ്റു ചിലവുകൾ എന്നിവ കണക്കിലെടുത്താണ് പാചക വാതക വിതരണക്കൂലി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചത്.
