നോയിഡ: ആറ് വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് ഔട്ട്‌പോസ്റ്റിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. 48 കാരനായ നരേന്ദ്ര എന്ന കോണ്‍സ്റ്റബിള്‍ ആണ് അറസ്റ്റിലായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവ സമയത്ത് യൂണിഫോമിലായിരുന്നു ഇയാള്‍. ശനിയാഴ്ച രാവിലെ നോയിഡയിലെ കുലേശര പൊലീസ് ഔട്ട്‌പോസ്റ്റിനുള്ളില്‍ വച്ചാണ് ഇയാള്‍ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രിതിഷേധിച്ചിരുന്നു.
സംഭവത്തില്‍ പൊലീസുകാരനെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
27 വര്‍ഷമായി പൊലീസ് സര്‍വ്വീസിലുള്ള ആളാണ് നരേന്ദ്ര. ഔട്ട് പോസ്റ്റിന് അടുത്തുള്ള കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ചെന്നപ്പോഴാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട കുഞ്ഞ് തന്റെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അതേസമയം മദ്യപിച്ചിരുന്ന പൊലീസുകാരന്‍ തന്റെ കുഞ്ഞിനെ പിടിക്കാന്‍ അവള്‍ക്ക് പിന്നാലെ വീട് വരെ ഓടി വന്നെന്നും ഇയാല്‍ പറഞ്ഞു.
