തന്നെയും മകളെയും ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ മകനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തുവെന്നായിരുന്നു പരാതി

ദില്ലി: യുവതിയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ക്കെതിരെ കേസെടുത്തു. രമേഷ് ദാഹിയ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കേസ്. ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു. നോര്‍ത്ത് ദില്ലിയിലാണ് സംഭവം.

ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് ആണ് ഇയാള്‍ തന്നെ ഉപദ്രവിക്കാന്‍ ആരംഭിച്ചതെന്ന് ജൂലൈയില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നു. ശേഷം സെപ്തംബര്‍ 18 ന് യുവതി മറ്റൊരു പരാതി കൂടി നല്‍കി. തന്‍റെ മകളെയും ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ മകനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തുവെന്നായിരുന്നു പരാതി. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി നോര്‍ത്ത് ദില്ലിയിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നൂപുര്‍ പ്രസാദ് അറിയിച്ചു. അതേസമയം യുവതിയ്ക്ക് പണം കടം നല്‍കിയിരുന്നുവെന്നും ഇത് തിരിച്ച് ചോദിച്ചതിന്‍റെ പേരിലാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്നുമാണ് രാമേഷ് ദാഹിയയുടെ പ്രതികരണം.