ഇടിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ചത് 500 മീറ്റര്‍

ഭോപ്പാല്‍:വാഹനം ഇടിച്ച് പൊലീസ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ നിര്‍ത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ ചക്രങ്ങളിലൊന്നില്‍ കുടുങ്ങിയ ഉദ്യോഗസ്ഥന്‍ 500 മീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാലിലെ കരോണ്ട് റോഡിലെ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു എസ്ഐ അമൃത്‍ലാല്‍ ബിലാല്‍. വാഹനം നിര്‍ത്താതെ ആക്സിലറേറ്ററില്‍ യുവാവ് ചവിട്ടയതാണ് അപകടത്തിന് കാരണം. 

വാഹനം ഇടിച്ചതോടെ ബോണറ്റില്‍ കുടുങ്ങിയ ഉദ്യോഗസ്ഥന്‍ താഴേക്ക് വീഴുകയും ചക്രങ്ങളില്‍ ഒന്നില്‍ വസ്ത്രം കുടുങ്ങുകയും ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഉദ്യോഗസ്ഥന്‍. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ വാഹനവുമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.