സമ്മാനം പരിമിതമായ സൗകര്യങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാതൃകയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

ബെംഗലൂരു: ബെല്ലാണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു സാധാരണ കോണ്‍സ്റ്റബിളായ കെ.ഇ. വെങ്കിടേഷിനാണ് അസാധാരണമായ സമ്മാനത്തിന് അര്‍ഹനായിരിക്കുന്നത്. നവവരനായ വെങ്കിടേഷ് നൈറ്റ് പട്രോളിംഗിനിടെയാണ് അതിസാഹസികമായി ഒരു കള്ളനെ പിടികൂടിയത്.

പുലര്‍ച്ചെ 2.30ന് തന്റെ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന വെങ്കിടേഷ് ഒരു അലര്‍ച്ച കേട്ടതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തി. അലര്‍ച്ച കേട്ട ദിക്കിലേക്ക് വണ്ടിയെടുത്തു. വഴിയരികില്‍ നിന്ന് അലറിക്കരയുകയായിരുന്ന മനുഷ്യന്റെ പക്കല്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച മൂന്ന് കള്ളന്മാര്‍ ബൈക്കില്‍ കയറി പാഞ്ഞുപോവുന്നതാണ് പിന്നെ കണ്ടത്. ഉടന്‍ തന്നെ വെങ്കിടേഷ് തന്റെ ബൈക്കില്‍ അവരെ പിന്തുടര്‍ന്നു. നാല് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം സംഘത്തിലെ ഒരാളെ വെങ്കിടേഷ് പിടികൂടി. 

ചുരുങ്ങിയ സൗകര്യങ്ങളുപയോഗിച്ച് നേട്ടം കൈവരിച്ചതിനാണ് വെങ്കിടേഷിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു. മുപ്പതുകാരനായ വെങ്കിടേഷിന് ഹണിമൂണിനുള്ള പാക്കേജാണ് മേലുദ്യോഗസ്ഥര്‍ നല്‍കുന്നത്. കേരളത്തില്‍ ബോട്ടുസവാരി ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്കും, 10,000 രൂപയ്ക്കും പുറമേ ഹണിമൂണ്‍ ആഘോഷിക്കാനുള്ള പ്രത്യേക അവധിയും അനുവദിച്ചു. 

പരിമിതമായ വാഹന സൗകര്യങ്ങളും, ശമ്പളവും, അവധിയുമെല്ലാം പൊലീസുകാരുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇതിനാലാണ് മാതൃകാപരമായ സമ്മാനം തന്നെ നല്‍കുന്നതെന്നും മേലുദ്യോഗസ്ഥര്‍ വിശദീകരിച്ചു.