മുംബൈ: മുന്‍ കാമുകി തന്റെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുമായി നാല്‍പത്തഞ്ചുകാരി. ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നതോടെയാണ് കാമുകിക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. യുവതികളില്‍ ഒരാള്‍ അവിവാഹിതയും മറ്റൊരാള്‍ വിവാഹ മോചിതയുമാണ്.

മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പാത്തോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സമപ്രായക്കാരായ യുവതികള്‍ തമ്മില്‍ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ആദ്യം സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് ദൃഢമാകുകയും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ഇരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങി.

രണ്ടു വര്‍ഷം ഈ ബന്ധം തുടര്‍ന്നു. എന്നാല്‍ ബന്ധത്തിന് ആറുമാസം മുമ്പ് വിള്ളല്‍ ഉണ്ടായി. ഇതോടെ യുവതിയുടെ കാമുകി ഫേസ്ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തെന്നാണ് പരാതി. വാട്‌സാപ്പ് സ്റ്റാറ്റസായും ആരോപണ വിധേയായ യുവതി ഈ നഗ്‌ന ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു മെയില്‍ മുഖേന തന്നെ ഭീഷണിപ്പെടുത്തിയതായും മാപ്പ് അപേക്ഷിച്ചിട്ടും ഭീഷണി തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. ഇതോടെ ഗത്യന്തരമില്ലാതെയാണ് യുവതി മുന്‍ കാമുകിക്കെതിരെ പരാതിപ്പെടാന്‍ തീരുമാനിച്ചത്.

നാവ്ഖര്‍ പോലീസ് ഐപിസി 354, 506, 509 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. തുടര്‍ന്ന് പൂര്‍വ കാമുകി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് ഇവരെ പറ്റി വിവരമൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.