ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ കൗമാരക്കാരനെ അതിക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്. മോഷണക്കുറ്റം ചുമത്തിയാണ് രണ്ട് പൊലീസുകാര്‍ ‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. തന്നെ ഉപദ്രവിക്കല്ലേ എന്ന് കുട്ടി കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മര്‍ദ്ദനം നിര്‍ത്തുകയല്ല, കുട്ടിയെ കൂടുതല്‍ ക്രൂരമായി ഉപദ്രവിക്കുകയാണ് പൊലീസ് ചെയ്യുന്നത്. കുട്ടിയുടെ ഇരുഭാഗങ്ങളിലും നിന്ന് ലാത്തി ഉപയോഗിച്ചാണ് പൊലീസുകരുടെ മര്‍ദ്ദനം. വേദനകൊണ്ട് കുട്ടി കരയുമ്പോഴും അടി തുടരുന്നതായും ദൃശ്യങ്ങളില്‍ കാണാം. 

ഈ ദൃശ്യങ്ങള്‍ ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ മാസം യുപിയിലെ മഹാരാജ് ഗഞ്ജിലെ പൊലീസ് സ്റ്റേഷനിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാജ് ഗഞ്ജ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാകേഷ് പ്രതാപ് സിംഗ് പറഞ്ഞു. 

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, കുട്ടിയെ മര്‍ദ്ദിച്ച പൊലീസ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. അതേ ഗ്രാമത്തിലുള്ള സ്ത്രീയുടെ പരാതിയില്‍ മോഷണ കുറ്റത്തിന് ചോദ്യം ചെയ്യാനാണ് കുട്ടിയെ പൊലീസ്സ്റ്റേഷനില്‍ എത്തിച്ചത്‍‍. എന്നാല്‍ കുട്ടിയെ അറസ്റ്റ് ചെയ്തിരുന്നോ എന്ന് വ്യക്തമല്ല.