പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലൻമാർക്ക് കർണാടക പൊലീസിന്‍റെ മൊട്ടയടി ശിക്ഷ.  കോലാറിലെ കോളേജുകൾക്ക് മുന്നിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ പാഠം പഠിപ്പിക്കാനാണ് പൊലീസ് പുതിയ ശിക്ഷാ രീതി തുടങ്ങിയിരിക്കുന്നത്

ബംഗളൂരു: പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലൻമാർക്ക് കർണാടക പൊലീസിന്‍റെ മൊട്ടയടി ശിക്ഷ. കോലാറിലെ കോളേജുകൾക്ക് മുന്നിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ പാഠം പഠിപ്പിക്കാനാണ് പൊലീസ് പുതിയ ശിക്ഷാ രീതി തുടങ്ങിയിരിക്കുന്നത്. കോലാറിലെ കോളേജുകൾക്ക് കോലാർ ജില്ലയിലെ മാലൂരിൽ സർക്കാർ കോളേജിന് മുന്നിൽ വച്ച് ഒരു ചെറുപ്പക്കാരനെ പൊലീസുകാർ പിടികൂടി. പെൺകുട്ടികളുടെ ഫോട്ടോയെടുത്തുവെന്ന് കുറ്റം. സ്റ്റേഷനിലേക്കല്ല, ബാർബർ ഷാപ്പിലേക്കാണ് പൊലീസ് വണ്ടി നീങ്ങിയത്. കസേരയിൽ പിടിച്ചിരുത്തി. യുവാവ് എതിർത്തെങ്കിലും ശിക്ഷ തുടങ്ങി.

യുവാവിന്‍റെ കോലം മാറ്റിയെടുത്ത് ,താക്കീതും ചെയ്ത് പറഞ്ഞുവിട്ടു. ഇങ്ങനെ എട്ട് പേരെ ഒറ്റ ദിവസം കൊണ്ട് പൊലീസ് മൊട്ടയടിപ്പിച്ച് വിട്ടു. പതിവുകാർ പിന്നെ വരാതായെന്ന് മാലൂർ പൊലീസ് ഇൻസ്പെക്ടർ പറയുന്നു. ഏറെ നാളായി ഒരു കൂട്ടം യുവാക്കളെക്കുറിച്ച് നാട്ടുകാർ പൊലീസിനോട് പരാതിപ്പെടാൻ തുടങ്ങിയിട്ട്. ഈ മാസം ഒന്നാം തിയതി ഒരു കോളേജ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്തതോടെ നടപടി ശക്തമാക്കാൻ ആവശ്യമുയർന്നു. 

കോളേജിൽ നിന്ന് മടങ്ങിയ പെൺകുട്ടിയെ തലക്കടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പീഡിപ്പിക്കാൻ ശ്രമം നടന്നെന്നും തെളിഞ്ഞു. കോളേജിന് മുന്നിൽ തമ്പടിക്കുന്ന യുവാക്കളിൽ ഒരാൾ അറസ്റ്റിലായി. ഇതിന് ശേഷമാണിപ്പോൾ ശല്യക്കാരെ ഓടിക്കാനുളള നടപടി. ഇത് പോരെന്നും പൊലീസ് തമാശ കളിക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. എനംനാല്‍ ഇവരെ നല്ലവരാകാനുളള ഉപദേശമാണിതെന്ന് പൊലീസിന്‍റെ മറുപടി.