തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്രയുടെ ചെലവ് സിപിഎം ഏറ്റെടുക്കില്ല. പണം സർക്കാർ നൽകുമെന്ന് കോടിയേരി പറഞ്ഞപ്പോൾ മുഖ്യമന്ത്രി മൂരിവണ്ടിയിലാണോ പോകേണ്ടെതെന്നായിരുന്നു മന്ത്രി എകെ ബാലന്റെ ചോദ്യം. ദുരിതാശ്വാസ ഫണ്ട് അനുവദിച്ചതിൽ തെറ്റില്ലെന്ന് മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാം പറഞ്ഞു.

പതിവ് നടപടി ക്രമം എന്ന വാദം ഉയർത്തിയാണ് പിണറായിയുടെ ഹെലികോപ്റ്റർ യാത്രക്കുള്ള ചെലവ് ഏറ്റെടുക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രിമാരുടെ യാത്രക്കും ഈ രീതിയിൽ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. പണം പാർട്ടി നൽകിയാൽ പാർട്ടി സമ്മേളനത്തിനായി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയെന്നം ആക്ഷേപം ബലപ്പെടുമെന്നും നേതാക്കൾ വിലയിരുത്തി.

ഫണ്ട് അനുവദിച്ച റവന്യുസെക്രട്ടറിയുടെ നടപടിയെ സിപിഎം സെക്രട്ടറിയേറ്റ് പിന്തുണച്ചു. പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാം ന്യായീകരിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് അനുവദിച്ചതിൽ തെറ്റില്ലെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടി പാർട്ടി യോഗത്തിന് പോകാൻ ഹെലിക്കോപ്റ്റ‌ര്‍ ഉപയോഗിച്ചിട്ടില്ലെന്ന് ചെന്നിത്തല വിശദീകരിച്ചു. ഫണ്ട് വിനിയോഗത്തെ സിപിഎം പിന്തുണക്കുമ്പോൾ ഇനി സിപിഐയുടേയും റവന്യുമന്ത്രിയുടേയും നിലപാടാണ് ശ്രദ്ധേയം.