മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ നല്‍കുന്ന ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം സഞ്ജു സാംസൺ 50 പന്തില്‍ പുറത്താകാതെ നേടിയ 97 റണ്‍സിന്‍റെ കരുത്തിലാണ് ഇന്ത്യ മറികടന്നത്. സ്വാഭാവികമായും കളിയിലെ താരമായതും സഞ്ജുവായിരുന്നു. എന്നാൽ മത്സരശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നൽകുന്ന 'ഇംപാക്ട് പ്ലെയർ' മെഡൽ സ്വന്തമാക്കിയത് സഞ്ജുവായിരുന്നില്ല എന്നാണ് പ്രത്യേകത. അത് മത്സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മറ്റൊരു താരത്തിനായിരുന്നു.
മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ നല്‍കുന്ന ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത്. വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബുംറ പന്തെടുത്തത്. 4 ഓവറിൽ 36 റൺസിന് ബുംറ 2 വിക്കറ്റുകൾ വീഴ്ത്തി. പവര്‍ പ്ലേയില്‍ ഒരോവര്‍ മാത്രമെറിഞ്ഞ ബുംറ വിന്‍ഡീസ് 11 ഓവറില്‍ 99 റൺസെന്ന ശക്തമായ നിലയിലെത്തിയപ്പോഴാണ് രണ്ടാം ഓവര്‍ എറിയാനായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബുംറയെ വിളിക്കുന്നത്. 12-ാം ഓവർ എറിയാനെത്തിയ ബുംറ മിന്നുംഫോമിലുള്ള ഷിമ്രോൺ ഹെറ്റ്‌മെയറെയും റോസ്റ്റൺ ചേസിനെയും പുറത്താക്കി വിൻഡീസിന്‍റെ നട്ടെല്ലൊടിച്ചു. ഈ പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരികെ വരാനുള്ള സാഹചര്യമുണ്ടാക്കിയത്. ബുംറയുടെ ഇരട്ടപ്രരം മൂലം വിന്‍ഡീസ് ടോട്ടല്‍ 20 റണ്‍സെങ്കിലും കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍.
ഫീൽഡിംഗ് കോച്ച് ടി ദിലീപ് ആണ് ഡ്രസ്സിംഗ് റൂമിൽ വെച്ച് ബുംറയ്ക്ക് മെഡൽ സമ്മാനിച്ചത്. മത്സരത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളെ ശാന്തമായി നേരിടുകയും അപാരമായ കൃത്യതയോടെ പന്തെറിയുകയും ചെയ്യുന്ന ഒരാൾക്കാണ് ഈ പുരസ്കാരം. അത് മറ്റാരുമല്ല, ജസ്പ്രീത് ബുംറയാണ് എന്ന് പറഞ്ഞായിരുന്നു ദിലീപ് ഇംപാക്ട് പ്ലേയറെ പ്രഖ്യാപിച്ചത്. മെഡൽ ഏറ്റുവാങ്ങിയ ശേഷം ബുംറ തന്‍റെ സഹതാരങ്ങളായ ശിവം ദുബെയ്ക്കും തിലക് വർമ്മയ്ക്കും നന്ദി പറഞ്ഞു. ദുബെ അടിച്ച രണ്ട് ഫോറുകൾ ടീമിന്‍റെ സമ്മർദ്ദം കുറച്ചെന്നും മുംബൈയിൽ നടക്കാനിരിക്കുന്ന സെമി ഫൈനലിൽ മികച്ച പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും ബുംറ കൂട്ടിച്ചേർത്തു.
