ഡോക്ടർ ഷെയ്ക് റസൂൽ ഗുലാമിനെ ഞങ്ങൾ ശ്രീനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന ഹൈദർപൊരയിലാണ് കണ്ടുമുട്ടിയത്. ഒരു ചെറിയ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ജമ്മുകശ്മീരിലെ വിവരവകാശ പ്രസ്ഥാനത്തിന് നേതൃത്വം നല്കുന്നു ഇന്ന് ഡോക്ടർ ഷെയിക്. 

ഒരു ഗ്രാമത്തിൽ സർക്കാർ ഡോക്ടറായിരിക്കെ അവിടെ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് ഷെയ്ക് സാമൂഹ്യപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രസർക്കാർ വലിയ തുകയാണ് ഈ പ്രദേശത്തിനു വേണ്ടി ചെലവിടുന്നത്. ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താനുള്ള ഈ തുകയിൽ ഇരുപത് ശതമാനം പോലും യഥാർത്ഥ ആവശ്യക്കാരിലെത്തുന്നില്ല എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഷെയ്ക് പുറത്തു കൊണ്ടുവന്നത്.

രാജ്യത്തെ അദ്യ അഞ്ച് പ്രമുഖ പൗരവകാശ പ്രവർത്തകരുടെ പട്ടികയിൽ ഡോക്ടർ ഷെയ്കിനെയും വിദേശമാസികകൾ ഉൾപ്പെടുത്തിയിരുന്നു. നിരന്തര സമരത്തിനു ശേഷം വിവരവകാശ നിയമവും അക്കൗണ്ടബിലിറ്റി കമ്മീഷനും കശ്മീരിൽ നിലവിൽ വന്നു. എന്നാൽ അഴിമതി നിർബാധം തുടരുന്നു. 

സംസ്ഥാന സർക്കാരിനെ ഒപ്പം നിറുത്താൻ കേന്ദ്രം ഇത് കണ്ടില്ലെന്ന് നടിക്കുന്നു. പുതിയ സർക്കാർ വന്നിട്ടും ഈ സ്ഥിതിയിൽ മാറ്റം വരാത്തതും ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് ഒരു കാരണമായി.