ഓരോ വിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യേണ്ട വിഹിതത്തില്‍ എല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഇക്കഴിഞ്ഞ മാസം വിതരണം ചെയ്യേണ്ടത് 25 കിലോ അരിയും എട്ടുകിലോ ഗോതമ്പുമാണ്. പക്ഷേ നമ്മുടെ സിവില്‍സപൈ്ലൈസ് വകുപ്പ് മന്ത്രിയുടെ കാര്‍ഡുള്‍പ്പെടുന്ന റേഷന്‍കടയില്‍ നിന്ന് എത്രയാണ് കൊടുക്കുന്നതെന്ന് നോക്കാം.

മന്ത്രിയുടെ വീടിനോട് ചേര്‍ന്ന ഈ റേഷന്‍കടയില്‍ നിന്ന് കാര്‍ഡില്ലെങ്കിലും റേഷന്‍ സാധനങ്ങള്‍ ഇഷ്ടംപോലെ കിട്ടും .
കാര്‍ഡ് പോലും വേണ്ട. ഇഷ്ടംപോലെ അരി, റേഷന്‍കടയില്‍ നിന്ന് പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങിപ്പോകുന്നവരോട് കൂടി സംസാരിച്ചു. 25 കിലോ അരിയും 8 കിലോ ഗോതമ്പും ഒരു ബിപിഎല്ലുകാര്‍ക്കും കിട്ടിയില്ല...

മന്ത്രിയുടെ റേഷന്‍കടയില്‍ മാത്രമല്ല. ആലപ്പുഴ ജില്ലയിലെ വേറെയും മൂന്ന് സ്ഥലങ്ങളില്‍ ഞങ്ങള്‍ പോയി. സ്ഥിരമായി റേഷന്‍വാങ്ങുന്നവരെ കണ്ടു. എല്ലാവര്‍ക്കും കിട്ടിയത് 20 കിലോ അരിയും 2 കിലോ ഗോതമ്പും. റോഡരികില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞിരുന്നവരുടെ ആടുത്തേക്ക് പോയപ്പോള്‍ അവരും പറയുന്നു മിക്ക റേഷന്‍കടകളും കൃത്യമായി സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന്.

വകുപ്പ് മന്ത്രിയുടെ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുന്ന റേഷന്‍കടയുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മറ്റേ റേഷന്‍ കടകളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. ആര്‍ക്കും പിടിച്ചുകെട്ടാന്‍ കഴിയാത്ത റേഷന്‍കരിഞ്ചന്ത മാഫിയ കോടികള്‍ കൊയ്യുകയാണിവിടെ.