ലക്നൗ: വിവാഹം കഴിക്കാനായി കോടതിയിലെത്തിയ യുവാവിനെയും യുവതിയെയും ബന്ധുവിനെയും വി.എച്ച്.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയിലായിരുന്നു ലവ് ജിഹാദ് ആരോപിച്ചുള്ള മര്‍ദ്ദനം.
പഞ്ചാബില്‍ നിന്നുള്ള യുവാവും യുവതിയും യുവാവിന്റെ ബന്ധുവും കോടതിക്ക് മുന്നില്‍ അഭിഭാഷകനെ കാത്തിരിക്കുമ്പോള്‍ സ്ഥലത്തെത്തിയ ചിലര്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് അന്വേഷിക്കുകയായിരുന്നു. വിവാഹിതരാവാനാണെന്ന് പറഞ്ഞതോടെ ഇരുവരുടെയും മറ്റ് വിവരങ്ങള്‍ അന്വേഷിച്ചു. വ്യത്യസ്ഥ മതവിഭാഗങ്ങളില്‍ പെട്ടവരാണെന്ന് അറിഞ്ഞതോടെ കൂടുതല്‍ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തി മര്‍ദ്ദനമേറ്റവരെ സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ പൊലീസിന്റെ മുന്നില്‍ വെച്ചും സ്റ്റേഷനില്‍ കയറി ഇവരെ മര്‍ദ്ദിച്ചു. ഇതിനിടെ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകരും മര്‍ദ്ദിക്കാന്‍ ഒപ്പം കൂടി. വിവാഹിതരാവാനെത്തിയ രണ്ട് പേരെയും ഒപ്പമുള്ള ബന്ധുവിനെയും നാല് ദിവസം മുന്‍പ് പഞ്ചാബില്‍ നിന്ന് കാണാതായതാണെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് അവിടെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രെ.
