ലോസ് ആഞ്ജലിസ്: കാലിഫോർണിയയിൽ 13 മക്കളെ വർഷങ്ങളോളം മുറിയിൽ പൂട്ടിയിട്ട ദമ്പതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസില്‍ ഡേവിഡ് അലന്‍ ടര്‍പിന്‍(57) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്പതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 

മൂന്ന് മുതൽ 30 വയസ്സുവരേയുള്ള 13 മക്കളെയാണ് വർഷങ്ങളോളം ചങ്ങലയ്ക്കിട്ട് മുറിയിൽ പൂട്ടിയിട്ടത്. ദമ്പതികളുടെ 17 വയസ്സുള്ള മകൾ ജോർദാൻ വീട്ട് തടങ്കലിൽനിന്ന് രക്ഷപ്പെട്ട് പൊലീസിൽ വിവരമറിയച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. വീട്ടിലെ ജനാല വഴിയാണ് ജോർദാൻ പുറത്ത് കടന്നത്.  പിന്നീട് പൊലീസ് വീട്ടിലെത്തി മറ്റ് 12 പേരെയും പുറത്തെത്തിച്ച് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ജോർദാനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കൊണ്ടുപോയിരുന്നു. ചോദ്യം ചെയ്യലിനിടെ മനുഷ്യരാശിയെ ഞെട്ടിപ്പിക്കുന്ന പീഡന കഥകളാണ് ജോർദാൻ പൊലീസിനോട് പറഞ്ഞത്. താൻ ഇതുവരെ പുറത്ത് പോയിട്ടില്ലെന്നും ആദ്യമായിട്ടാണ് പുറത്ത് കടക്കുന്നതെന്നും ജോർദാൻ പറഞ്ഞു. വീട് വൃത്തിയാക്കാറെയില്ല. അതുകൊണ്ടുതന്നെ ശുദ്ധ വായു ശ്വസിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമേ കുളിക്കാറുള്ളു. എന്തെങ്കിലും അസുഖം വന്നാൽ ഡോക്ടറെ കാണാൻ കൊണ്ടുപോകാറില്ല. 

മുറിയിൽ ചങ്ങലക്കിട്ടാണ് കിടത്തുക. മിക്കപ്പോഴും വേദന സഹിക്കാൻ കഴിയാതെ സഹോദരിമാർ എഴുന്നേറ്റ് നിന്ന് കരയും. ഒരു ദുവസം 20 മണിക്കൂർ വരെ ഉറക്കും. അർദ്ധരാത്രി ഉച്ചയ്ക്കുള്ള ഭക്ഷണവും രാത്രിയ്ക്കുള്ള ഭക്ഷണവും ഒരുമിച്ച് തരും. കൈത്തണ്ടയ്ക്കു മുകളില്‍ നനഞ്ഞാൽ വെള്ളത്തില്‍ കളിച്ചു എന്ന് പറഞ്ഞ് കെട്ടിയിടുമെന്നും ജോർദാൻ പറഞ്ഞു.