ബുർഖ ധരിച്ച സ്ത്രീയും അവരുടെ കൂടെയുള്ള പുരുഷനും കട ഉടമയും തമ്മിലുള്ള പിടിവലി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ജ്വല്ലറി കൊള്ളയടിക്കാൻ എത്തിയ ദമ്പതികളെ ഉടമ നേരിടുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബുർഖ ധരിച്ച സ്ത്രീയും അവരുടെ കൂടെയുള്ള പുരുഷനും കട ഉടമയും തമ്മിലുള്ള പിടിവലി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഹൈദരാബാദിലെ ബീരാംഗുഡയിലെ ജയ് ഭവാനി ജ്വല്ലറിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്. 

സ്വർണ്ണം വാങ്ങാനെന്ന വ്യജേന കടയിലെത്തിയതാണ് ​ദമ്പതികൾ. രാത്രി ഒൻപത് മണിയോടെയാണ് ഇവർ എത്തിയതെന്ന് കട ഉടമ ജയറാം (32) പോലീസിനോട് പറഞ്ഞു. 45 മിനിറ്റോളം ദമ്പതികൾക്ക് ആഭരണങ്ങൾ കാണിച്ചു കൊടുത്തു. തുടർന്ന് കൂടുതൽ ആഭരണങ്ങൾ എടുക്കുന്നതിനായി ജയറാം സ്റ്റോറൂമിലേക്ക് പോയി. ഇതിനിടയിൽ ജയറാമിനെ ദമ്പതികൾ പിന്തുടരുകയായിരുന്നു.

Scroll to load tweet…

സ്റ്റോറൂമിലെത്തിയ ദമ്പതികളിൽ ഒരാൾ ജയറാമിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ബുർഖ ധരിച്ച സ്ത്രീ ജയറാമിനെ വടികൊണ്ട് അടിക്കുകയും ചെയ്തു. പത്ത് മിനിറ്റോളം തുടർന്ന പിടിവലിയില്‍ ​ദമ്പതികളെ ജയറാം കീഴടക്കിയെങ്കിലും ദമ്പതികളിൽ ഒരാൾ ജയറാമിന്‍റെ കണ്ണിൽ മുളക് പൊടി എറിയുകയായിരുന്നു. തുടർന്ന് ഇരുവരും കടയിലെ ആഭരണങ്ങളുമായി രക്ഷപ്പെട്ടു. 25 ലക്ഷം രൂപയുടെ സ്വർണവും 4 ലക്ഷം രൂപയുമാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് കളി തോക്കാണെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. മുഖം മൂടി ധരിച്ചതിനാൽ ​കവർച്ചക്കാരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ​ദൃശ്യങ്ങളുടെ കോപ്പി മറ്റ് പോലീസ് സ്റ്റേഷനിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.