ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരൻ . പഞ്ച്കുല പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി . ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. അക്രമ സംഭവങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്ത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഗുര്‍മീതിന്‍റെ ഒന്നര ലക്ഷത്തിലധികം അനുയായികള്‍ കോടതി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്.
ദേരാ സച്ചാ സൗദ സംഘടനയുടെ സ്ഥാപകനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് ആശ്രമത്തിലെ അന്തേവാസികളായിരുന്ന രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിലാണ് ചണ്ഢീഗഡ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി. സിബിഐ കോടതി സ്ഥിതി ചെയ്യുന്ന ചണ്ഢീഗഡിലെ പഞ്ചകുലയ്ക്ക് സമീപം ഗുര്‍മീതിന്‍റെ 1.5 ലക്ഷത്തോളം വരുന്ന അനുയായികള്‍ തമ്പടിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പൊലീസിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമേ ബിഎസ്എഫിനെയും പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബസ്, തീവണ്ടി സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ ഹൈക്കോടതി ഇരുസംസ്ഥാനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
