തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍  13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. പ്രതികളെല്ലാം ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ പതിനാറാം പ്രതി അരുണ്‍കുമാറിനെ കോടതി വെറുതെവിട്ടു. ആകെയുള്ള 16 പ്രതികളില്‍ രണ്ട് പേര്‍ ഒളിവിലാണ്. ജാമ്യത്തില്‍ ഇറങ്ങിയ മൂന്നാം പ്രതി രഞ്ജിത്ത് കൊല്ലപ്പെട്ടിരുന്നു. 2008ലാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെച്ച് ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്.