തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപരെ പരസ്യമായി വിമര്‍ശിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വിഎസ് അച്യുതാനന്ദന്‍. ജുഡീഷ്യല്‍ മര്യാദക്ക് നിരക്കാത്ത സംഭവങ്ങള്‍ നീതിപീഠങ്ങളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങള്‍ ആരുടെ ബെഞ്ചിലാണ് ഉണ്ടായതെന്ന് ജനം നിരീക്ഷിക്കും. 

തന്റെ ബെഞ്ചില്‍ ജുഡീഷ്യല്‍ മര്യാദക്ക് നിരക്കാത്തതൊന്നും സംഭവിക്കുന്നില്ലെന്നും ഓരോ ജഡ്ജിയും ഉറപ്പുവരുത്തണം. ന്യായാധിപര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബോധിപ്പിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഡ്വ. സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലെ പരാര്‍മശത്തിനെതിരെ ജസ്റ്റീസ് പി ഉബൈദ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ നിലപാട് ജ്യുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഇത് താന്‍ കണക്കിലെടുക്കില്ലെന്നുമാണ് ജസ്റ്റിസ് പി. ഉബൈദ് തുറന്ന കോടതിയില്‍ പറഞ്ഞത്. 

ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ജസ്റ്റീസ് പി ഉബൈദ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെയാണ് ഹര്‍ജി ജസ്റ്റീസ് ഹരിപ്രസാദ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഇടക്കാല ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതിയിലെ തന്നെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ഹരിപ്രസാദ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. 

ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് നിലപാട് വ്യക്തമാക്കി ജസ്റ്റിസ് പി.ഉബൈദ് സിറ്റിങ്ങിനിടെ ഹൈക്കോടതിയിലെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയാണ് ഹൈക്കോടതിയില്‍ എല്ലാ ജഡ്ജിമാരും സമന്മാരാണെന്നും തന്റെ ഉത്തരവിനെ വിമര്‍ശിക്കാന്‍ ഡിവിഷന്‍ ബഞ്ചിനും സുപ്രീം കോടതിയ്ക്കും മാത്രമേ അധികാരമുള്ളൂ എന്നും പറഞ്ഞത്. ജസ്റ്റിസ് ഹരിപ്രസാദിന്റെ പരാമര്‍ശം താന്‍ കണക്കിലെടുക്കുന്നില്ല. അത് തനിക്ക് ബാധകമല്ല. തന്റെ ഉത്തരവ് തെറ്റാണ് എന്ന് മറ്റൊരു സിങ്കിള്‍ ബഞ്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ജ്യുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.