കണ്ണൂര്‍: മിശ്ര വിവാഹിതരായ ഹാരിസൺ-ഷഹാന ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കണ്ണൂർ മജിസ്ട്രേറ്റ് കോടതി. പെൺകുട്ടിയെ കാണാനില്ലെന്ന വിട്ടുകാരുടെ പരാതിയെ തുട‍ർന്നാണ് ഷഹാനയെ കോടതിയിൽ ഹാജരാക്കിയത്. എസ്ഡിപിഐ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഇരുവരും നവമാധ്യങ്ങളിലിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.  

കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയായ ഷഹാനയും തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഹാരിസണും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കുമൊപ്പം സിപിഎം പ്രവർത്തകരും, ഷഹാനയുടെ ബന്ധുക്കളും കോടതിയിലെത്തിയിരുന്നു. ഹാരിസണൊപ്പം പോകാണമെന്ന ഷഹാനയുടെ താൽപര്യം  കോടതി അംഗീകരിച്ചു. 

ആറ്റിങ്ങൽ കോടതിയുടെ നിർദ്ദേശ പ്രകാരം പൊലീസ് സംരക്ഷണത്തിലാണ് ഇരുവരും കോടതിയിൽ എത്തിയത്.  ഷഹാനയുടെ ബന്ധുക്കളുടേയും എസ്ഡിപിഐ പ്രവർത്തകരുടേയും ഭീഷണിയുണ്ടെന്ന ഇരുവരുടെയും ആരോപണം ബന്ധുക്കള്‍ തള്ളി. തങ്ങളിലാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ ഷഹാനയുടെ ബന്ധുക്കളിലൊരാൾക്കെതിരെയാണ് പരാതിയുള്ളത്.ബന്ധുക്കളും പാർട്ടിപ്രവർത്തകരുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളലൊന്നും കോടതിയിൽ ഉണ്ടായില്ല.