നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃ-തദേഹം നാളെ വൈകുന്നേരം വരെ സംസ്കരിക്കരുതെന്ന് മഞ്ചേരി കോടതി ഉത്തരവിട്ടു. ഏറ്റുമുട്ടൽ സംബന്ധിച്ച വ്യക്തത വരുന്നതുവരെ ഇവരുടെ മൃതദേഹം സൂക്ഷിക്കാൻ അനുമതി തേടി ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന സോമന് വേണ്ടി ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കിയേക്കും.

കുപ്പുദേവരാജന്റെയും അജിതയുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രില്‍ ഇന്ന് രാത്രി വരെ സൂക്ഷിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്.  എന്നാല്‍ സംഭവത്തിലെ ദുരൂഹത നീങ്ങുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അനന്തര നടപടികളിലേക്ക് നീങ്ങാനാണ് അവരുടെ തീരുമാനം. സംഭവത്തകുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണത്തെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും എതിര്‍ത്തു. ഏത് അസ്വാഭാവിക മരണത്തിലും സ്വീകരിക്കുന്ന സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.