അഡ്വ. പ്രതീഷ് ചാക്കോയും അഡ്വ. രാജു ജോസഫും നൽകിയ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് 11 ഉം 12 ഉം പ്രതികളായ അഡ്വ. പ്രതീഷ് ചാക്കോയും അഡ്വ. രാജു ജോസഫും നൽകിയ ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്. കേസിൽ തെളിവ് നശിപ്പിച്ചതിൽ ഇരുവർക്കും പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. 

ഇതിനിടെ കേസിന്റെ പ്രധാന രേഖകളൊന്നും അന്വേഷണ സംഘം ഇനിയും നൽകിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട്‌ അടക്കം ചില രേഖകൾ അപൂര്‍ണമായാണ് നൽകിയതെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ആവശ്യമുള്ള മുഴുവൻ രേഖയും നൽകിയെന്നും ചില രേഖകൾ കൈമാറാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ മുഖ്യ പ്രതി സുനിൽ കുമാർ അടക്കമുള്ളവരുടെ റിമാൻഡ് അടുത്ത മാസം 11വരെ നീട്ടി.