കോട്ടയം: ചങ്ങനാശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ എ.എസ്.ഐ. ഏലിയാസ് മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. 16 എ.ബി.വി.പി പ്രവര്‍ത്തകരെയാണ്, 10 വര്‍ഷം മുന്പ് നടന്ന സംഭവത്തില്‍ കുറ്റവിമുക്തരാക്കിയത്

ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന 16 എ.ബി.വി.പി പ്രവര്‍ത്തകരെയും കുറ്റവിമുക്തരാക്കിയത്. എ.എസ്.ഐ ഏലിയാസിന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. കേസില്‍ പൊലീസ്, ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലെ അധ്യാപകരും ഉള്‍പ്പെടെ 47 പേരെ വിസ്തരിച്ചിരുന്നു. 2007 ഒക്ടോബര്‍ 26നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചങ്ങനാശേരി എന്‍.എസ്.എസ് കോളേജിന് മുന്നില്‍ എസ്.എഫ്.ഐ- - എ.ബി.വി.പി സംഘര്‍ഷം ഉണ്ടായതോടെ ഏലിയാസ് ഉള്‍പ്പെടെയുള്ള പൊലീസുകാരെത്തി. ഇതിനിടെ ഏലിയാസ് കുഴഞ്ഞുവീണു. 

എ.ബി.വി.പി പ്രവര്‍ത്തകര്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി 17 പേര്‍ക്കെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത വിപിന്‍ എന്ന വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍. വിപിനെ പിന്നീട് ജുവനൈല്‍ കോടതി വെറുതെവിട്ടിരുന്നു. ശേഷിക്കുന്ന 16 പ്രതികളെയാണ് സംഭവം നടന്നതിന്‍റെ പത്താം വാര്‍ഷികത്തില്‍ കുറ്റവിമുക്തരാക്കിയത്. വിധിപ്പകര്‍പ്പ് കിട്ടിയശേഷം പ്രതികരിക്കാമെന്നായിരുന്നു അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം.