ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ മൊഴിമാറ്റിയ പെണ്‍കുട്ടിയെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന പൊലീസിന്റെ അപേക്ഷയും കേസ് സി.ബി.ഐക്ക് വിടണമെന്ന പെണ്‍കുട്ടിയുടെ ആവശ്യവും കോടതി പരിഗണിക്കും

ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ ദുരൂഹതകള്‍ ഏറുന്നതിനിടെയാണ് പ്രതിയായ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി പരിഗണിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ ചുമത്തിയത്. മജിസ്‍ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും ഇക്കാര്യം പെണ്‍കുട്ടി പറഞ്ഞിട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി നിലപാട് മാറ്റിയത്. സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സംഭവത്തിന് പിന്നില്‍ സ്വാമിയുടെ സഹായി അയ്യപ്പദാസിന്റെ പ്രേരണയുണ്ടെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടി കത്ത് കോടതി നല്‍കി. ഇതിന് പിന്നാലെ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹര്‍ജിയും നല്‍കി. 

നാടകീയ നീക്കങ്ങള്‍ക്കിടെ സ്വാമിയുടെ അഭിഭാഷകനോട് കുറ്റകൃത്യം ചെയ്തുവെന്ന് സമ്മതിക്കുന്ന പെണ്‍കുട്ടി ഫോണ്‍ സംഭാഷണവും പുറത്തുവന്നത്. പെണ്‍കുട്ടിയെയും കുടുംബത്തെയും സ്വാമിയുടെ ഇനിലക്കാര്‍ സ്വാധീനിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജാമ്യാപേക്ഷയെ ഇക്കാര്യം ചൂണ്ടികാട്ടി പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. പെണ്‍കുട്ടിയുടെ കത്തിന്റെ ആധികാരികതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടിനിലപാട് മാറ്റം തെളിയിക്കാന്‍ നുണപരിശോധ വേണമെന്നും വൈദ്യപരിശോധനയും വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്തലും വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കേസില്‍ കോടതിയുടെ നിലപാടിനുശേഷമായിരിക്കും പൊലീസിന്റെ അടുത്തനീക്കം.