അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഗുല്‍ബര്‍ഗ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളി പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതേസമയം ഗുല്‍ബര്‍ഗ റാഗിങ്ങിന്‍റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനത്ത് മക്കളെ പഠിക്കാനയക്കുന്ന കേരളത്തിലെ മാതാപിതാക്കളുടെ ആശങ്ക ഗൗരവമായാണ് പരിഗണിക്കുന്നതെന്നും കേസന്വേഷണം ആ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടാണെന്നും ഗുല്‍ബര്‍ഗ എസ്‍പി എന്‍ ശശികുമാര്‍ വ്യക്തമാക്കി. നാലാം പ്രതി ശില്പയ്‌ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര, മൂന്നാം പ്രതി കൃഷ്ണപ്രിയ എന്നിവ‍ര്‍ കേസില്‍ ഞായറാഴ്ച മുതല്‍ ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലാണ്.