ഇസ്ലാമാബാദ്: പാക് മോഡല്‍ ക്വന്‍ഡീല്‍ ബലോചിനെ കൊന്നത് സഹോദരനല്ലെന്ന് റിപ്പോര്‍ട്ട്. നുണപരിശോധന ഫലത്തിലാണ് വ്യത്യസ്തമായ റിപ്പോര്‍ട്ട്. ബലോച്ചിനെ കഴുത്ത് ഞെരിച്ച് കൊന്നത് സഹോദരനല്ലെന്നും ബന്ധുവായ ഹഖ് നവാസാണെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ബലോചിന്റെ സഹോദരന്‍ വസീം കൊല നടത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

നുണപരിശോധന പ്രകാരം ഖന്‍ഡീലിനെ വധിച്ച സമയത്ത് മുഹമ്മദ് വസീം സഹോദരിയുടെ കൈയ്യും കാലും അനക്കാന്‍ പോലും കഴിയാത്ത രീതിയില്‍ പിടിച്ചു കൊണ്ടു നിന്നപ്പോള്‍ ഹഖ് നവാസാണ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. കൊലപാതകത്തിന് മുന്‍പ് ഖന്‍ഡീലിനേയും മാതാപിതാക്കളേയും പ്രതികള്‍ മയങ്ങാനുള്ള മരുന്ന് നല്‍കി ഉറക്കിയിരുന്നു. സൗദി അറേബ്യയില്‍ താമസിക്കുന്ന ഖന്‍ഡീലിന്റെ മൂത്ത സഹോദരന്‍ ആരിഫാണ് കുടുംബത്തിന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടി ഈ ക്രൂരകൊലപാതകം നടത്താന്‍ വസീമില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

ആരിഫിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വസീമും, ഹഖ് നവാസും കൊലപാതകം എങ്ങനെ നടത്തണം എന്ന് പദ്ധതിയിട്ടിരുന്നു. നുണപരിശോധനയുടെ അടിസ്ഥാനത്തില്‍ ഖന്‍ഡീലിന്റെ ബന്ധുവായ ഹഖ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ മാസം 15-നാണ് മുള്‍ട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടില്‍ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ ഖന്‍ഡീല് ബൊലോച്ചിനെ കണ്ടെത്തിയത്.