ബെംഗളൂരു: മുറിവേറ്റതിനെ തുടര്‍ന്ന് ഇന്‍ഫെക്ഷനായി തളര്‍ന്നുവീണ പശുക്കിടാവിനെ മൃഗാശുപത്രിയോളം പിന്തുടര്‍ന്ന് തള്ളപ്പശു. കര്‍ണ്ണാടകയിലെ ഹാവേരിയില്‍ ജനുവരി 25 നാണ് സംഭവം. രണ്ടുമാസം പ്രായം മാത്രമാണ് പശുക്കിടാവിനുള്ളത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശുക്കിടാവ് തളര്‍ന്നത് വീണതോടെ പ്രദേശവാസികള്‍ മൃഗാശുപത്രിയില്‍ വിവരമറിയിച്ചു.

തുടര്‍ന്നാണ് പശുക്കിടാവിനെ കൊണ്ടുപോകാന്‍ വണ്ടിവന്നത്. ജയപ്രകാശ് നാരായണന്‍ സെര്‍ക്കിളില്‍ നിന്ന് ഡിസ്പെന്‍സറി വരെ തള്ളപ്പശു വണ്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്നും തള്ളപ്പശു പോവാന്‍ കൂട്ടാക്കിയില്ല. പശുക്കിടാവിന്‍റെ അവസ്ഥ മോശമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ഗുരുതരാവസ്ഥ മറികടന്നു എന്നും ഡോക്ടര്‍ സന്നാകി പറയുന്നു. 

പശുക്കുട്ടിയെ രണ്ടു ദിവസമാണ് ആശുപത്രിയില്‍ നിര്‍ത്തി പരിചരിച്ചത്. ഈദിവസങ്ങളില്‍ പശുക്കിടവാനിനെ വിട്ടുപോവാതെ മുറിവുകളില്‍ നക്കി സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു തള്ളപ്പശു എന്നും ഡോക്ടര്‍ പറയുന്നു. ഞായറാഴ്ച പശുക്കിടാവിനെ ആശുപത്രിയില്‍ നിന്നും വിട്ടു.