തിരുവനന്തപുരം: കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. വിജ്ഞാപനത്തിനെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ യോജിച്ച് പ്രമേയം പാസ്സാക്കും.

കശാപ്പ് നിയന്ത്രണത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടില്ലെങ്കിലും പ്രശ്‌നത്തില്‍ കേന്ദ്രത്തിനെതിരെ നീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര തീരുമാനമെന്നാണ് ഭരണ-പ്രതിപക്ഷങ്ങളുടെ നിലപാട്. കേരളത്തിന്റെ പൊതുവികാരം എന്ന നിലക്കാണ് കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രതിഷേധവും ആശങ്കയും അറിയിച്ചുള്ള പ്രമേയം കൊണ്ടുവരിക.

മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാറിനും സംഘപരിവാറിനുമെതിരെ കടുത്ത് വിമര്‍ശനം ഉറപ്പാണ്. ബിജെപി എംഎല്‍എ എതിര്‍ക്കുമെന്നതിനാല്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കാനാകില്ല. 9 മണി മുതല്‍ 2 മണിക്കൂര്‍ നീളുന്ന ചര്‍ച്ചയില്‍ കക്ഷിനേതാക്കള്‍ സംസാരിക്കും. കാലിവില്പനയിലെ ഇടിവ് കൂടി കണക്കിലെടുത്ത് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിലും ഊന്നിയായിരിക്കും ചര്‍ച്ച. 

ബീഫില്‍ കേന്ദ്രത്തിനെതിരായ നീക്കത്തിന് നേതൃത്വമേകാനാണ് കേരള സര്‍ക്കാറിന്റെ ശ്രമം. മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതും പ്രത്യേക സഭാ സമ്മേളനം ചേരുന്നതുമെല്ലാം അതിന്റെ ഭാഗമായാണ്.