രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിയമത്തിനെതിരെ കേരള സര്‍ക്കാരും, കര്‍ണാടക സര്‍ക്കാരും പരസ്യ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

അങ്കമാലി എംഎല്‍എ റോജി എംഎ ജോണ്‍ അടക്കം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് രംഗത്ത് വന്നു. ബീഫ് വേണ്ടവര്‍ അങ്കമാലിക്ക് പോരെ, ഒരു മുടക്കവുമുണ്ടാവില്ലെന്നാണ് റോജി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

ഞങ്ങൾ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും..അത് ഏത് എന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല.. അത് തീരുമാനിക്കേണ്ടത് ഞങ്ങൾ തന്നെയാണ്..ഞങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും സർക്കാരിന് തീറെഴുതി തന്നതല്ല....ബീഫ് കഴിക്കും..ഇന്നും കഴിക്കും..നാളെയും കഴിക്കും..സർക്കാര് അങ്ങ് ചെയ്യാവുന്നത് ചെയ്യ് എന്നാണ് സംവിധായകന്‍ ഡോക്ടര്‍ ബിജു പ്രതികരിച്ചത്.

കാലിച്ചന്തകളിൽ വിൽക്കുന്ന കന്നുകാലികളെ അറുക്കരുത് എന്ന നിയമം കൊണ്ടുവന്നത് നമ്മുടെ ഭക്ഷണക്രമത്തെ നിയന്ത്രിക്കുന്ന ഭരണകൂട ഇടപെടലാണ് .എന്നാണ് മാധ്യമപ്രവര്‍ത്തകനായ സാബ്ലു തോമസിന്‍റെ വിമര്‍ശനം