ലഖ്‌നൗ: മുസാഫര്‍ നഗര്‍ ജില്ലയിലെ ഖട്ടൗലി ജില്ലയില്‍ ഗോവധം ആരോപിച്ച് പന്ത്രണ്ടും പതിനാറും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ജയിലിലടച്ചെന്ന് ആരോപണം. ഇവരോടൊപ്പം ബന്ധുക്കളായ ഏഴ് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് പോലീസ് കോടതിയില്‍ ബോധിപ്പിച്ചതാണ് ഇവരെ ജുവനൈല്‍ ഹോമിലാക്കുന്നതിന് പകരം ജയിലിലാക്കാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ വിലങ്ങണിയിക്കാനോ ജയിലിലടയ്ക്കാനോ പാടില്ലെന്നും ജുവനൈല്‍ ഹോമിലാക്കണമെന്നുമാണ് നിയമം.

ഇവരില്‍ നിന്ന് 10 കിലോ മാംസവും മൃഗങ്ങളെ കൊല്ലാനുപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തെന്നും പോലീസ് കോടതിയെ ധരിപ്പിച്ചു. പശുവിന്‍ തോലുകളും പോലീസ് കണ്ടെടുത്തതായാണ് വിവരം. അറസ്റ്റിലായവരില്‍ പെണ്‍കുട്ടികളുടെ അമ്മയും ഉള്‍പ്പെടും. ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഗ്രാമവാസികള്‍ സംഘടിച്ച് പോലീസിനെതിരെ പ്രതിഷേധം ആരംഭിച്ചു. പെണ്‍കുട്ടികളുടെ പിതാവ് നസിമൂദ്ദീനാണ് പ്രധാന പ്രതിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെല്ലാം കുറ്റം ചെയ്തിട്ടുണ്ടെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പോലീസ്.