പാര്‍ട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തി. 

മലപ്പുറം: സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കെ.ഇ.ഇസ്മയിലിനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചു എന്നും മലപ്പുറത്ത് ഇന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

അതേസമയം, സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനും വിമര്‍ശനം. കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു. വിജിലന്‍സ് ശക്തിപ്പെടുത്താന്‍ നടപടി ഇല്ല. ജിഎസ്ടിയില്‍ തോമസ് ഐസക്കിന്‍റെ നിലപാട് ഇടത് വിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍.

അഴിമതി വിരുദ്ധതയെന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് വ്യതിചലിച്ചു. വിവരാവകാശ നിയമം ദുര്‍ബലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചം എന്നും റിപ്പോര്‍ട്ടില്‍. കൂടാതെ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വെട്ടിവെച്ച് കൊന്നു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

കെ.എം മാണിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. അവസര വാദികളേയും അഴിമതിക്കാരെയും മുന്നണിയിലേടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാണിയെ ഒപ്പം കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കും. അത് മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ പണ്ടത്തെ മദനി ബന്ധം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടില്‍ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി വിലയിരുത്തിയിട്ടുണ്ട്. ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാണ്. മലപ്പുറം, വേങ്ങര ഉപതെരെഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതുമാണ്. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. കെട്ടുറപ്പോടെ കൊണ്ടു പോകേണ്ടത് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്നും എല്‍.ഡി.എഫില്‍ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം റിപ്പോര്‍ട്ടില്‍ സിപിഎമ്മിനും വിമര്‍ശനം. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയാല്‍ മുന്നണി ദുര്‍ബലമാവും. മുന്നണിയുടെ കെട്ടുറപ്പ് വലിയ പാര്‍ട്ടിയുടെ ചുമതല. ആര്‍എസ്പിയും ജനതാദളും മുന്നണി വിട്ടത് സീറ്റ് പിടിച്ചെടുത്ത സാഹചര്യത്തില്‍ എന്നും റിപ്പോര്‍‌ട്ടില്‍ പറയുന്നു.