ആലപ്പുഴ: കേരളാ കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് തടസ്സമായി സിപിഐയുടെ കടുത്ത നിലപാട്. മാണി വന്നാല്‍ മുന്നണി ശക്തിപ്പെടുമെന്നത് സാങ്കല്‍പ്പികമാണെന്ന് കാനം രാജേന്ദ്രന്‍ പരിഹസിച്ചു. നില പരുങ്ങലിലാകുമെന്ന പേടിയാണ് സിപിഐക്കെന്ന് കേരളാ കോണ്‍ഗ്രസ് ആരോപണം.

കെ.എം. മാണി എല്‍ഡിഎഫ് നോട് അടുക്കുന്നുവെന്ന പ്രതീതി സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടെയാണ് സജീവമായത്. മാണിയെ ഒപ്പം നിര്‍ത്തണമെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ താല്‍പര്യം മനസിലാക്കിയായിരുന്നു ഈ ആവശ്യം ഉയര്‍ന്നത്. അംഗീകരിക്കാനാവില്ലെന്ന് സിപിഐ വ്യക്തമാക്കി.

കെ.എം. മാണിയെ ഒപ്പം നിര്‍ത്തിയാല്‍ അണികളോട് എന്ത് ന്യായീകരണം പറയുമെന്നാണ് സിപിഐയുടെ ചോദ്യം. സിപിഐയുടെ സ്വാധീനം നഷ്ടമാകുമെന്ന ആശങ്കയാണ് കാനത്തിന് കൂട്ടര്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസും തിരിച്ചടിക്കുന്നു. എല്‍ഡിഎഫ് അനുകൂല നീക്കത്തെച്ചൊല്ലി ജോസഫ് വിഭാഗം ഇടഞ്ഞുനില്‍ക്കുകയും സിപിഎം - സിപിഐ പോര് മുറുകകയും ചെയ്ത സാഹചര്യത്തില്‍ മാണി തിരിച്ചെത്തുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മാണിയെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ബിജെപിയും തുടരുകയാണ്.