ബന്ധു നിയമനം അഴിമതി തന്നെയാണെന്ന കര്‍ശന നിലപാടാണ് സി.പി.ഐ മുഖപത്രത്തിലൂടെ അറിയിക്കുന്നത്. അഴിമതിക്കെതിരായ പ്രഖ്യാപിത നിലപാടുമായാണ് ഇടത് പക്ഷം അധികാരത്തില്‍ വന്നത്. എന്നാല്‍ സ്വജന പക്ഷപാതം നിസ്സംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്ന് പറയുന്ന മുഖപ്രസംഗം ഉന്നത യോഗ്യതയുള്ളവരും തൊഴില്‍രഹിതരുമായ ഒരു വന്‍പട മുന്നില്‍ നില്‍ക്കുമ്പോള്‍ സ്വജനപക്ഷപാതത്തിലൂടെ നടത്തുന്ന നിയമനം കുറ്റകരവും അനീതിയുമാണെന്ന് തുറന്നടിക്കുന്നു.
തെറ്റ് ചെയ്തിട്ട് എതിരാളികള്‍ നടത്തുന്ന അഴിമതി കഥകള്‍ നിരത്തുന്നത് ജനത്തിന് മുന്നില്‍ വിലപ്പോവില്ല. എല്‍ഡിഎഫിന് മേല്‍ കരിനിഴല്‍ വീഴ്തിയ വിവാദത്തിന്റെ വേരറുക്കണമെന്ന് പറയുന്ന സി.പി.ഐ ഇക്കാര്യത്തില്‍ കര്‍ശന നടപടിയാണ് വേണ്ടെതെന്നാണ് വ്യക്തമാക്കുന്നത്. ബന്ധു നിയമനമടക്കമുള്ള വിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.ഐ.എം തീരുമാനിച്ചിരിക്കെ മുന്നണിക്കകത്ത് നിന്നും ശക്തമായ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത് വന്നതോടെ സി.പി.ഐ.എമ്മിന് വിഷയം കൂടുതല്‍ തലവേദനയായി മാറുകയാണ്.
