കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ കോഴിക്കോട് ജില്ലാക്കമ്മറ്റി. ജില്ലയില്‍ തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് സംവിധാനം വേണ്ട രൂപത്തിൽ പ്രവർത്തിച്ചില്ലെന്നും തദ്ദേശ സ്ഥാപനങ്ങളിലെ പലയിടത്തും സിപി ഐ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചതായും ആരോപണം. കുറ്റിയാടിയില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും തുടര്‍ന്നുള്ള ചര്‍ച്ചയിലുമാണ് സിപിഎമ്മിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. 

പാര്‍ട്ടിയിലെ ജില്ലയിലെ സ്വാധീനവും മറ്റും വിവരിച്ചുകൊണ്ട് സെക്രട്ടറി ടി.വി ബാലന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഎമ്മിനെതിരെ വലിയ തോതിലല്ലെങ്കിലും വിമര്‍ശനമുണ്ടായത്. ജില്ലയില്‍ കൊയിലാണ്ടി നഗരസഭയില്‍ സിപിഎം വിമതനില്‍ നിന്നേറ്റ തോല്‍വി റിപ്പോര്‍ട്ട് എടുത്ത് പറയുന്നു. സിപിഎം വോട്ട് മറിച്ച് നല്‍കിയതിനാലാണ് വിമതന്‍ ജയിച്ചത്. സി പി ഐയുടെ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ സി പി എം പ്രവര്‍ത്തകര്‍ പരസ്യമായി പ്രവര്‍ത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല. പല സ്ഥലങ്ങളിലും സീറ്റ് സംബന്ധച്ച് സിപിഎം ഏകപക്ഷീയ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുവെ ജില്ലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചെങ്കിലും കുറ്റിയാടി അടക്കമുള്ള മണ്ഡലങ്ങളിലെ തോല്‍വിയും ചില മണ്ഡലങ്ങളിലെ ഭൂരിഭക്ഷത്തിലെ ഇടിവും വസ്തുനിഷടമായി വിലയിരുത്തണം. സംഘടനാ സംവിധാനത്തിലെ പരാജയം കാരണം നാദാപുരം മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് നേരത്തെ ഇറങ്ങാന്‍ സാധിച്ചില്ല. എങ്കിലും ശക്തമായ മത്സരത്തിനൊടുവില്‍ ജയിച്ച് കയറാന്‍ സാധിച്ചു. 

സംഘടന അടിസ്ഥാനത്തില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ച പരിതാപകരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഎമ്മാണ് ജില്ലയിലെ വലിയ പാര്‍ട്ടി. പിന്നിലായി കോണ്‍ഗ്രസും ലീഗും ബി ജെ പിയും ഉണ്ട്. ഇതിനും പിന്നിലായാണ് സി പി ഐയുടെ സ്ഥാനമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്നണി സംവിധാനത്തെക്കുറിച്ചും സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും വലിയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് ഇന്ന് സമ്മേളനത്തില്‍ അവതരിപ്പിക്കും.