സരസന്‍ സംഭവത്തെക്കുറിച്ചുള്ള കോടിയേരിയുടെ പരാമര്‍ശം നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ആര്‍എസ്പിയും വ്യക്തമാക്കി. 

സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെ കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ കൊല്ലം ചവറയിലെ സരസന്‍ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചത്..ആര്‍എസ്പി നേതാവ് ബേബി ജോണ് സരസനെ ബോട്ടിനടിയില്‍ കെട്ടി താഴ്ത്തി കൊലപ്പെടുത്തിയെന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിനൊപ്പം പോയ സിപിഐയ്ക്ക് സരസന്‍ തിരിച്ചു വന്നതോടെ എല്ലാം തിരുത്തേണ്ടി വന്ന കാര്യം കോടിയേരി ഓര്‍മ്മിപ്പിച്ചു. 

എന്നാല്‍ സരസന്‍ സംഭവത്തില്‍ തങ്ങളുടെ നിലപാടിന് സമാനമായിരുന്നു സിപിഎമ്മിനുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിച്ചപ്പോള്‍ സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് പ്രദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചെന്നും പ്രകാശ്ബാബു വ്യക്തമാക്കി..

1982 ലാണ് ചവറ ഐആര്‍ഇ ജീവനക്കാരാനായിരുന്ന സരസനെ കാണാതാകുന്നത്. ബേബി ജോണും കൂട്ടരും ചേര്‍ന്ന് സരസനെ കൊന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ചരിത്രമുള്ള ബേബിജോണ്‍ പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ 600 ല്‍ താഴെ വോട്ടിനാണ് ജയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സരസന്‍ തിരിച്ചു വന്നപ്പോള്‍ മാത്രമാണ് ആര്‍എസ്പിയും ബേബി ജോണും ആരോപണങ്ങളില്‍ നിന്നും കരകയറിയത്