ആലപ്പുഴ: നിലമ്പൂരില്‍ ഇന്നലെ പൊലീസ് നടത്തിയ ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഭിപ്രായം പറയുന്നവരെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദി ചെയ്യുന്നത് എല്ലാം ചെയ്യാനല്ല ഇടതു മുന്നണി. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നത് പോലെ നക്സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ കേരളാ പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തിയ ഓപറേഷനിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചു കൊന്നത്. മാവോയിസ്റ്റ് നേതാവ് സോമന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. മരിച്ച കുപ്പു ദേവരാജിന്റെയും അജിതയുടേയും മൃതദേഹം കാടിന് പുറത്ത് പടുക്ക ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും.