കൊച്ചി: സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേരളത്തിൽ നടക്കുന്നത് കയ്യൂക്കിന്റെ രാഷ്ട്രീയമെന്ന് പന്ന്യൻ രവീന്ദ്രൻ വിമര്‍ശിച്ചു. രാഷ്ട്രീയമായി പരാജയപ്പെടുമ്പോൾ ആയുധം എടുക്കുന്നു. സിപിഎം ഈ കാടത്തം ചെയ്യുമെന്ന് കരുതുന്നില്ലെന്നും അംഗങ്ങളുടെ എണ്ണം കൂട്ടാൻ റൗ‍ഡികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയല്ല വേണ്ടതെന്നും പന്ന്യൻ പറഞ്ഞു.

കൊലക്കത്തിയുമായി നടക്കുന്നതാണു രാഷ്ട്രീയ പ്രവര്‍ത്തനമെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ചിലയിടങ്ങളില്‍ പൊലീസ് യജമാനസ്നേഹം കാണിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രൻ പറഞ്ഞു. മണ്ണാർക്കാട്ടെ സഫീര്‍ വധക്കേസിലെ പ്രതികളില്‍ സിപിഐക്കാരുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കും. അക്രമികള്‍ക്കു സിപിഐയില്‍ ഇടമുണ്ടാകില്ല. കൊല്ലത്തു പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതില്‍ സിപിഐക്കാര്‍ക്കു പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.