ഇടുക്കി: പാപ്പാത്തി ചോലയില്‍ സി.പി.ഐ. പ്രവര്‍ത്തകര്‍ക്കും ഭൂമിയുണ്ടെന്ന് സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍. സി.പി.ഐയില്‍ നിന്നും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്കായി സൂര്യനെല്ലിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്നക്കനാല്‍ പാപ്പാത്തി ചോലയില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ കൈവച്ചിരിക്കുന്ന ഭൂമി എന്തുകൊണ്ടാണ് വിട്ടു നല്‍കാന്‍ തയ്യാറാകാത്തതെന്നും കെ.കെ. ജയചന്ദ്രന്‍ ചോദിച്ചു. സി.പി.ഐയും, സി.പി.എമ്മും തമ്മില്‍ ശത്രുതയില്ല. ഇരുപാര്‍ട്ടികളും ചേര്‍ന്നാണ് എല്‍ഡിഎഫിനെ നയിക്കുന്നത് എന്നാല്‍ സി.പി.ഐ സ്വീകരിക്കുന്ന ചില കാര്യങ്ങളോട് യോജിപ്പില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. 

ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വീണ്ടും സമീവമാകുകയാണ്. മൂന്നാറില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തുന്ന ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ സി.പി.ഐയുടെ പിന്‍തുണയോടെ റവന്യുമന്ത്രി നടപടികള്‍ സ്വീകരിക്കുന്നതാണ് ജില്ലാ സെക്രട്ടറിയെ ചൊടിപ്പിക്കുന്നത്. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമികള്‍ വ്യാപകമായി കൈയ്യേറുന്ന പ്രവര്‍ത്തകര്‍ക്കെതിരെ, സര്‍ക്കാര്‍ നയം അനുസരിച്ച് നടപടികള്‍ സ്വീകരിച്ച റവന്യു അധികൃതരെ ദേവികുളം എം.എല്‍.എ. എസ്.രാജേന്ദ്രനും വിമര്‍ശിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം വിന്‍മോഹനന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ റ്റി.ജെ. ഷൈന്‍, ഷൈലജാ സുരേന്ദ്രന്‍, സേനാപതി ശശി, എനവ് ആര്‍. ജയന്‍ തുടങ്ങിയര്‍ പങ്കെടുത്തു.