തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെത്തി ചര്‍ച്ച നടത്തിയെങ്കിലും, രാജിക്കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ മന്ത്രിമാര്‍ തീരുമാനിച്ചത്.
സിപിഐയുടെ നാലു മന്ത്രിമാരും രാവിലെതന്നെ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസില്‍ യോഗംചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ എല്‍ഡിഎഫ് യോഗത്തിലും പിന്നീട് പുറത്തും സിപിഐ നേതൃത്വം കര്‍ക്കശനടപടി സ്വീകരിക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം കൈക്കൊള്ളാന്‍ മുന്നണിയോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇന്നത്തെ കൂടിക്കാഴ്‌ചയിലും തീരുമാനം ഉണ്ടാകാത്തതാണ് സിപിഐ മന്ത്രിമാരെ അസംതൃപ്‌തരാക്കിയത്. ഇന്നത്തെ മന്ത്രിസഭായോഗത്തിന് മുമ്പ് തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയ്ക്കൊടുവില്‍ സെക്രട്ടേറിയറ്റിലെത്തിയ തോമസ് ചാണ്ടി രാജിവെക്കില്ലെന്നും മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചു. കോടതി ഉത്തരവ് വന്നശേഷമെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുകയുള്ളുവെന്നും തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു.
